Sivasakthi Nilayam, Mahameru, Pandalam -689501 94969 52601 sumamachary@gmail.com

ധന്യാത്മന്‍‍,

ശിവശക്തി നിലയത്തില്‍ ശ്രീ ചക്ര മഹാമേരു അഥവാ സുമേരു, പരമ്പരാഗത വിഗ്രഹനിര്‍മ്മാണ വിധിപ്രകാരം ശ്രീവിദ്യ ഉപാസകരാല്‍ വര്‍ഷങ്ങളായി നിര്‍മ്മിച്ചുവരുന്നു.ശ്രീ മഹാമേരു എന്നാല്‍ ശാക്തേയ തന്ത്ര സിദ്ധാന്തത്തിലെ ശ്രീവിദ്യ മഹാ ത്രിപുര സുന്ദരി എന്ന ഭഗവതിയുടെ നിലയം ആയിട്ടാണ് കണക്കാക്കുന്നത്.


തന്ത്ര ശാസ്ത്രത്തിലെ ശാക്തേയ വിദ്യകളിലാണ്‌ ശ്രീ മഹാ ത്രിപുരസുന്ദരിയുടെ ഉപാസനാ പദ്ധതികള്‍ പറയുന്നത്. ഇതില്‍ ശ്രീകുലം, കാളീകുലം, താരാകുലം എന്ന 3 വേര്‍തിരുവുകള്‍ ഉണ്ട്. ഇതിലെ ശ്രീകുലം എന്ന സമ്പ്രദായത്തിലാണ് ശ്രീചക്രം എന്ന ഭഗവതിയുടെപീഠത്തെ, അഥവാ ശരീരത്തെ പറയുന്നത്. ശ്രീചക്രം: ശ്രീ എന്നാല്‍, ഐശ്വര്യം എന്നും, ശിവന്‍ എന്നും, ഭഗവതി എന്നും അര്‍ത്ഥം. പ്രപഞ്ചം തന്നെയാണ്  ശ്രീചക്രം. ഇതില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം. ശ്രീചക്ര നിര്‍മ്മാണത്തിന്, ഭൂപ്രസ്താരം, പാതാളപ്രസ്താരം , കൂര്‍മ്മപ്രസ്താരം, മേരുപ്രസ്താരം, കൈലാസപ്രസ്താരം എന്നിങ്ങനെ 5 ആയിട്ടാണ് തിരിച്ചിരിക്കുന്നത്. ഇതിൽ മേരുപ്രസ്താരത്തിന്‍റെ നിർമ്മാണ സമ്പ്രദായമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

യാതൊരു കൃത്രിമപ്പണികളും ഇല്ലാതെ ഉപാസകരുടെ കൈകളാൽ, വിധിക്കപ്പെട്ടിട്ടുള്ള കൃത്യമായ അളവുകളിൽ ശുദ്ധ ലോഹങ്ങളിൽ ഗുരുവിന്‍റെ അനുവാദത്തോടും അനുഗ്രഹത്തോടും ആവശ്യക്കാരനായ ഉപാസകന്‍റെ ഇച്ഛാശക്തിക്കനുസരിച്ചു ജ്ഞാനശക്തിയുള്ള ആചാര്യനാൽ ക്രിയാശക്തിയിലൂടെയാണ് ശിവശക്തിനിലയത്തിൽ ശ്രീമഹാമേരു  പിറവിയെടുക്കുന്നത്.

ഉപാസകന്‍റെ പ്രാണനെയാണ് ഭഗവതിയുടെ സ്ഥൂലസൂഷ്മ ശരീരമായ ശ്രീചക്രത്തിൽ പ്രതിഷ്ഠിക്കുന്നത്,  പ്രാണപ്രതിഷ്ഠ നടത്തുന്നത്.  പ്രാണന്‍ ഭഗവതിയുടെ ശരീരമായ ശ്രീചക്രത്തിൽ പ്രതിഷ്ഠിക്കുന്ന ധന്യത:

അതിനു ഉപാസന പാരമ്പര്യവും പൂജാവിധികളും അനുസരിച്ചാണ് മഹാമേരുവിൻറെ അളവുകൾ നിശ്ചയിക്കുന്നത്. ഒരു കുഞ്ഞിന്‍റെ ജനനം തന്നെയാണ് മഹാമേരുവിന്‍റെയും പിറവി .

ശിവശക്തി നിലയത്തിലെ മഹാമേരു നിർമ്മാണ വിധി :


1. ബീജരൂപം  :-
മഹാമേരു ആവശ്യപ്പെടുന്ന സാധകന്‍റെ പാരമ്പര്യ ഉപാസന പദ്ധതിക്കനുസരിച്ച്  അളവിൽ, ആവശ്യപ്പെടുന്ന, താമരദളങ്ങളുടെ രൂപഭംഗി  അനുസരിച്ചും ബീജരൂപം മെഴുകിൽ തയാറാക്കുന്നു. ഏറെ ശ്രമകരവും, സൂഷ്മതയും വേണ്ടുന്ന കര്‍മ്മമാണിത്.

2 . ഗർഭപാത്രം :- ( മണ്ണ് , ജലം )
മെഴുകുരൂപതത്തിലുള്ള ബീജരൂപത്തെ മണ്ണും ജലവും ചേർത്ത് കുഴച്ചു പൊതിയുന്നു. ഉള്ളിലെ ബീജരൂപത്തിനു, വായൂ ലഭിക്കാനായി ഒരു വഴിയും ഇടും.  പൊക്കിൾക്കൊടിപോലെ ഇതിന്, "താള് " എന്ന് പറയും. അതായതു ബീജം ഗർഭപാത്രത്തിലായി. പ്രത്യേകമായി തയ്യാർ ചെയ്യുന്ന കളിമണ്ണ് കൊണ്ട്  9 ആവരണങ്ങളിലായി 9 ദിവസം എടുത്താണ് ഇത് ചെയ്യുന്നത്.

3. പാകപ്പെടൽ  :- (വായൂ , ആകാശം )
കരുവിനെ വായു , ആകാശ തത്വങ്ങളുടെ മേളനത്താൽ ഉണക്കിയെടുക്കുന്നു . ബീജം പൂർണ വളർച്ചയെത്തുന്നു.

4. ഉരുക്കി ഒഴിക്കൽ :- ( അഗ്നി )
അഗ്നികുണ്ഡത്തിൽ കരുവിനെ ചൂടാക്കി, ശുദ്ധലോഹത്തെ അഗ്നിശുദ്ധിയിലൂടെ ഉരുക്കി കരുവിലേക്കു ഒഴിക്കുമ്പോൾ , മെഴുകു ഉരുകിമാറി, ലോഹത്തിലുള്ള മഹാമേരുവിന്‍റെ അവതാരം സംഭവിക്കുകയായി.

5. അണ്ഡഭേദനം :- (സൂര്യദർശനം)
തണുത്തു പകമായ മേരു പൊട്ടിച്ചു പുറത്തെടുത്തു, ഊർജ്ജ പ്രവാഹകനും സകല ജീവന്‍റെയും കാരണഭൂതനുമായിരിക്കുന്ന സൂര്യദേവനെ കാണിക്കും . സൂര്യ ഭഗവാൻറെ ദർശനത്താലും ശബ്ദഗുണത്താലും
മേരു നാദസ്വരൂപമാകുന്നു.

6. പൊക്കിൾകൊടി ;- കരുവിന്‍റെ പൊക്കിൾകൊടി മുറിച്ചു മാറ്റും.(താള്) .ഇതിലൂടെയാണ് ലോഹം ഉരുക്കി ഒഴിക്കുന്നത് .

7. സ്നാനം :- തുടർന്ന് മഹാമേരുവിനെ പലവിധ ഔഷധക്കൂട്ടിലും കഷായാദികളിലും കഴുകിയെടുക്കുന്നു.

സൃഷ്ടി, സ്ഥിതി , സംഹാരം , തിരോധാനം ലയം  എന്നിങ്ങനെ ഉള്ള ശിവപഞ്ച കൃത്യങ്ങളോടെ  ധ്യാനാത്മകമായി , മേരുവിന്‍റെ ലക്ഷ്യവും പ്രാധാന്യവും അറിഞ്ഞുള്ള പ്രക്രിയയിലൂടെ ഭഗവതിയുടെ പരാസൂഷ്മ
സ്ഥൂല ശരീരം ഉപാസകനുവേണ്ടി ശിവശക്തിനിലയത്തിൽ അവതരിക്കുന്നത്. ഈ നിർമ്മാണ വിധി വര്‍ഷങ്ങളായി തുടർന്ന് വരുന്ന ഇവിടുത്തെ മാത്രം പ്രത്യേകതയാണ് .

ഈ മഹാമേരു ഉപാസകരുടെ ഉപാസനയെ ഉന്നത നിലയിൽ എത്തിക്കുന്നു.  ഇവിടെ നിന്നുള്ള മഹാമേരു പലവിധ അത്ഭുത പ്രതിഭാസങ്ങളും ദേവിയുടെ പ്രത്യക്ഷ സാന്നിധ്യവും കാട്ടി ഉപാസകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് , ദൈര്‍ഘ്യവും,  സൂഷ്മവും , പ്രയത്നവും ഉള്ള പ്രക്രിയയാണ് ഇവിടുത്തെ മേരു നിർമാണം.  പിച്ചള എന്ന അശുദ്ധ ലോഹത്തിലുള്ളതോ , പൊള്ളയായതോ , പിരിച്ചുവെക്കുന്നതോ , റിവേറ്റു  ചെയ്തതോ , കമ്പ്യൂട്ടറിൽ ലേസർ കട്ടിങ് ചെയ്തതോ ആയ മേരു രൂപം ഇവിടെ നൽകുന്നില്ല . ബീജരൂപം തയാറാക്കാൻ , വാർത്തെടുക്കാൻ , കൈമാറാൻ എന്നിങ്ങനെ 3 മുഹൂർത്തങ്ങൾ  ആവശ്യക്കാരന്‍റെ ജനന സമയവും, നക്ഷത്രവും കണക്കു കൂട്ടി സമയം നിശ്ചയിക്കുന്നു.

ഇന്ന് പ്രചാരത്തിലുള്ള 64 വിദ്യകളും  പ്രതിപാദിക്കുന്നത് എങ്ങനെ മോക്ഷം നേടാം എന്നതാണ്.  അത്തരത്തിലുള്ള വിദ്യകളിൽ പരമശ്രേണിയിൽ നിൽക്കുന്നതാണ് ശ്രീവിദ്യ ഉപാസന അഥവാ മേരു ഉപാസന .
5 ശക്തി കോണുകളും  4  ശൈവ കോണുകളും ചേർന്നുള്ള 43 ത്രികോണങ്ങളും അഷ്ടദളങ്ങളും ഷോഡര ദളങ്ങളും മൂന്നു വീഥി വൃത്തങ്ങളൂം ഭൂപുര ത്രയങ്ങളും, നടുവിൽ ബിന്ദുവും ചേർന്ന ജ്യാമിതീയ രൂപമാണ് ശ്രീചക്രം.

ഭൂപ്രസ്താരം വരക്കുന്നതിനേക്കാൾ ശ്രമകരമാണ് സങ്കീർണവും കൃത്യവുമായ കണക്കുകളിലൂടെ, ഒന്നിന് മുകളിൽ ഒന്നായി 9 അവരണങ്ങളിലൂടെയുള്ള മേരുനിര്‍മാണം . മഹാലാവണ്യവും  ഉഗ്രമായ എഞ്ചിനീറിങ്ങിന്‍റെയും സമ്മേളനമാണ് ശ്രീചക്രം മഹാമേരു .  

ഇതിന്‍റെ എല്ലാ അളവുകളും എല്ലാവര്‍ക്കും യോജിച്ചതല്ല . ഗൃഹസ്ഥർക്കും , ബ്രഹ്മചാരികൾക്കും , വാനപ്രസ്ഥർക്കും , സന്യാസിമാർക്കും , അവധൂതന്മാർക്കും ഒക്കെ മേരുവിൽ പൂജിക്കാം എന്ന് നിയമമുണ്ട് .ഇതിനെല്ലം അളവുകളും , പൂജകളും , ലോഹങ്ങളും വ്യത്യസ്തമാണ് .
 

അനേകം ദിവസങ്ങളായുള്ള ആചാര്യന്‍റെ  ഇച്ഛാശക്തിയുടെയും, ഞാനശക്തിയുടെയും,  ക്രിയാശക്തിയുടെയും ഫലമായി പിറക്കുന്ന മഹാമേരു ഉന്നതമായ ശക്തി ചൈതന്യത്തിന്‍റെ ഉറവിടമാണ് . ഇവിടുത്തെ മഹാമേരു ഭാരതത്തിനകത്തും പുറത്തുമായി, ഗുരുപരമ്പരകൾ, ക്ഷേത്രങ്ങൾ , ആശ്രമങ്ങൾ , പൂജാമുറികൾ  എന്നിവിടങ്ങളിലായി സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞു ഭഗവതിയുടെ പ്രത്യക്ഷ ഭാവം കാട്ടി  ഭക്തനും ഭഗവതിയും ഒന്നാക്കി  അന്വയിച്ചു ധര്‍മ അര്‍ഥ കാമ മോക്ഷാദികള്‍ സാധിപ്പിച്ചു പരിലസിക്കുന്നു.